കവിത സമാഹരങ്ങൾ
സ്റ്റേ ഹോo ( Stay home)
രചന —— ആർ. എം ഷിബു (R. M shibu)പുലർകാല വേളയിൽ വിടരുന്ന പൂവിന്റെ നിറയുന്ന സൗന്ദര്യം കണ്ടിരുന്നു
തണൽ വീശി നിൽക്കുന്ന കിളിച്ചുണ്ടൻ മാവിന്റെ ചില്ലയിൽ തത്തകൾ വന്നിരുന്നു
നിറഞ്ഞ പാൽ കുടവുമായി പൂവാലി പറമ്പിൽ കറങ്ങി നടക്കുന്നു
കൂകി വിളിക്കുന്ന കുയിലിന്റെ നാദത്തിൽ കൂടെ ചേർന്നിരുന്നു
ചാറ്റൽ മഴയുടെ സ്പർശത്താൽ ആ നേരം മണ്ണിൻ മണം വന്നിരുന്നു
കാറ്റിലാടുന്ന പേരതൻ ചില്ലയിൽ അണ്ണാറക്കണ്ണൻ കളിക്കുന്നു
തെളിഞ്ഞു നിൽക്കുന്ന ആകാശത്തിൽ പറവകൾ പാറിപ്പറക്കുന്നു
വിടർന്നു നിൽക്കുന്ന പൂക്കളിൽ വണ്ടുകൾ മധുരം നുകർന്ന് കളിക്കുന്നു
തഴുകിയെത്തുന്ന കാറ്റിനോടൊത്ത് പുറം കാഴ്ചകൾ കണ്ടിരുന്നു
തുടർന്നീടുമാ” സ്റ്റേ ഹോമിൽ”
ഞാനും പ്രകൃതിയിൽ അലിയുന്നു….
.
സ്വിച്ച് ഓഫ്
R. M Shibu( ആർ എം ഷിബു )
ശ്മശാനത്തിനപ്പുറം നിന്ന് ഞാൻ വിളിച്ചു അവളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു
പടർന്നു പിടിച്ച ഇരുട്ടിൽ പറന്നെത്തിയ മിന്നാമിനുങ്ങി വഴികാട്ടിയായി
ആളിക്കത്തുന്ന മനസ്സിൽ നിന്നും ഉയർന്ന പുക കാർമേഘ ചുരുളുകളായി
ഓർമ്മകൾ മഴയായി പെയ്തിറങ്ങി
മിന്നി മായുന്ന കൊള്ളിയാൻ വെളിച്ചത്തിൽ നിറയെ പൂക്കൾ കണ്ടു
ഞാൻ നൽകിയ പനീർ പൂവുകൾ കുഴി മാടത്തിനരുകിൽ നിലച്ച
ഫോണും……
മഴ പോലെ….
രചന ആർ എം ഷിബു( R. M shibu )മഴപോലെ നീ വന്നു മനതാരിൽ എന്നെന്നും മന്ദസ്മിതത്തിൻ മൗനമായി
കുട ചൂടി നിൽക്കുമാ കുന്നിൻ ചെരുവിലായി
കുടമുല്ല മണം പേറും കുളിർ കാറ്റായി
തഴുകുന്ന കാറ്റിന്റെ താളത്തിലായി
തഞ്ചമായി മെല്ലെ നീ തലോടുമ്പോൾ
കരിനീല കണ്ണുകളിൽ കവിതയുമായി കനിമൊഴിനീയെൻ കനിവിനായി കാത്തതും
അറിയാതെ പോയിഞാൻ അറിഞ്ഞ കാലം മുതൽ
അറിയേണ്ടിയിരുന്ന നിൻ അനശ്വര ഭാവങ്ങൾ…..
ചെറു കവിതകൾ
രചന —-ആർ. എം. ഷിബു (R. M Shibu )
കരളേ…
=======
കരളേ നീ അരികിൽ വരൂ
നിന്റെ ഓർമ്മയാം ലഹരിയിൽ
എരിഞ്ഞു തീർന്ന
കരളിന് പകരമായി
കുളിരായി കാറ്റായി മഴയായി അരികിൽ വരൂ…..
കർപ്പൂരം
========
ഞാൻ അവൾക്ക് കർപ്പൂരമായിരുന്നു
തെളിഞ്ഞു കത്തി മണം പരത്തി എരിഞ്ഞു ചാരമായി മാറി…..
നീ…….
നീ പുഴയാണ് ഉറവ വറ്റാത്ത തെളിനീരുള്ള പുഴ
നീ മഴയാണ് ജീവന്റെ തുടിപ്പായ മഴ
നീ വെയിലാണ് എല്ലാത്തിനും ഊർജ്ജമായി മാറുന്ന വെയിൽ
നീ കാറ്റാണ് ചന്ദനത്തിൻ മണം പരത്തുന്ന കാറ്റ്
നീ നിലാവാണ് ഇരുട്ടിനെ മാറ്റുന്ന നിലാവ്
നീ കടലാണ് എല്ലാത്തിനെയും ഉൾക്കൊള്ളുന്ന കടൽ….





